കാൽപ്പാടുകൾ
അയ്യരു മക്കോതയ്ക്ക് മൂന്ന് ആൺമക്കളും ഒരു മകളുമുണ്ട്. മൂത്തമകൻ കുഞ്ഞൻ കള്ളു ചെത്തുകാരനാണ്, രണ്ടാമൻ ചാന്നൻ മുൻ പട്ടാളക്കാരനാണ്, കുട്ടൻ ഇളയവൻ, മകളുടെ പേര് പാറു. ജാതിയും വിലക്കുകളും സമൂഹത്തിൽ ആധിപത്യം പുലർത്തുന്ന സമയമാണ് കഥ നടക്കുന്നത്.
ഒരു ദിവസം, കുട്ടൻ തന്റെയടുത്ത് വന്ന് തന്നെ സ്പർശിച്ചെന്നും അപമാനിച്ചുവെന്നും ആരോപണമുയർത്തി (അയിത്താരോപണം) പ്രാദേശത്തെ ജന്മിയായ ഇരവി നമ്പൂതിരി പ്രശ്നമുണ്ടാക്കുന്നു. നമ്പൂതിരിയും ആളുകളെയും ചേർന്ന്
പാറുവിനെയും കുട്ടനെയും മർദ്ദിക്കുന്നു.
മക്കോതയ്ക്കു നിസ്സഹായനായി ഈ രംഗം വീക്ഷിക്കേണ്ടതായി വരുന്നു.
തളർന്നു വീഴുന്ന കുട്ടനെപ്പിടിക്കാൻ ഇരവിയുടെ മകൻ ഉണ്ണി ഓടി വരുന്നു, ശ്രീ നാരായണ ഗുരുവിന്റെ അനുയായിയായ ഒരു മാസ്റ്ററും അവരെ സഹായിക്കുന്നു. കുട്ടന്റെ ചുമതല പിന്നീട് മാസ്റ്റർ ഏറ്റെടുക്കുന്നു. വൈകാതെ ഗുരുവിന്റെ ആശീർവാദത്തോടും ഉപദേശത്തോടും കൂടി ഒരു നവീകരണ പ്രസ്ഥാനം മാസ്റ്ററും കുമാരനാശാനും മറ്റും ചേർന്ന് ആരംഭിക്കുന്നു. ഉണ്ണി നമ്പൂതിരിയും ഗുരുവിലേക്കും ശിഷ്യന്മാരിലേക്കും ആകർഷിക്കപ്പെടുകയും തന്റെ യാഥാസ്ഥിതികത്വവും ജാതീയത നിറഞ്ഞ ചിന്തകളും, മുൻവിധികളും കളഞ്ഞു കൊണ്ട് അവരുടെ കൂടെച്ചേരുകയും ചെയ്യുന്നു.
താമസിയാതെ മക്കോതയുടെ മകൾ പാറുവിനെ വിവാഹം കഴിക്കാൻ ഉണ്ണി നമ്പൂതിരി തീരുമാനിക്കുന്നു. രോഷാകുലനായ ഇരവി നമ്പൂതിരി മക്കോതയെ മർദ്ദിക്കുകയും പാറുവിനെ വിവാഹം കഴിച്ച ഉണ്ണിയെ വീട്ടിൽ നിന്നു പുറത്താക്കുകയും ചെയ്യുന്നു.
ഇതിനിടെ മക്കോതയുടെ പരുക്കൻ പെരുമാറ്റം കുഞ്ഞനെ തന്റെ പരമ്പരാഗത തൊഴിലായ കള്ളുചെത്ത് ഉപേക്ഷിച്ച് ഗുരു സ്ഥാപിച്ച ജീവിതത്തിന്റെ പാതയിലേക്ക് എത്തിക്കുന്നു.
ഗ്രാമത്തിൽ ഈ കാലയളവിൽ ഉയർന്ന ജാതികളും അധഃസ്ഥിത വിഭാഗങ്ങളും തമ്മിലുള്ള അകൽച്ച വളരുകയും അവർ ഒരു ഏറ്റുമുട്ടലിനായി ഒത്തുകൂടുകയും ചെയ്യുന്നു.
ഈ കലുഷിത അന്തരീക്ഷത്തിൽ ഇരുകൂട്ടരെയും കാണാൻ ശ്രീ നാരായണ ഗുരു എത്തുന്നു. ഗുരു ഇരു കൂട്ടരെയും സമാധാനിപ്പിക്കുകയും അവർ ഗുരുവിൻ്റെ കാൽച്ചുവടുകൾ പിന്തുടർന്ന് കളവങ്ങോടൻ ക്ഷേത്രത്തിലേക്ക് പോകുകയും അവിടെ ഗുരുവിൻ്റെ "പവിത്രമായ പാദങ്ങൾ" അനന്തതയുമായി ലയിക്കുന്നത് ദർശിക്കുകയും ചെയ്യുന്നു.