സിന്ധു
ധനികയും, അഹങ്കാരിയുമായ ഒരു യുവതി ദരിദ്രനായ ഒരു പാട്ടുകാരനെ സ്നേഹിക്കുകയും, അവനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായി സഹോദരൻ മാറ്റക്കല്യാണത്തിന് സമ്മതം മൂളുന്നു. അങ്ങിനെ യുവതി പാട്ടുകാരനെയും, ചേട്ടൻ പാട്ടുകാരന്റെ അനിയത്തിയേയും വിവാഹം കഴിക്കുന്നു. അഹങ്കാരിയായ യുവതിയുടെ വിവാഹ ജീവിതം അധിക നാൾ നീണ്ടു നിൽക്കുന്നില്ല. അവളും ഭർത്താവും തമ്മിൽ പിരിയുന്നു. യുവതിയുടെ നിർബന്ധത്തിന് വഴങ്ങി ചേട്ടനും ഭാര്യയെ പിരിയേണ്ടി വരുന്നു. പിരിഞ്ഞ ദമ്പതികൾ ഒന്നിക്കുമോ? സംഘർഷം നിറഞ്ഞ ഉത്തരം "സിന്ധു"വിന്റെ ശേഷം രംഗങ്ങൾ നൽകുന്നു.
Actors & Characters
Actors | Character |
---|---|
ജയദേവൻ | |
രാജശേഖരൻ | |
സിന്ധു | |
ഗീത | |
പാർവ്വതിയമ്മ | |
വേണു/ വക്കീൽ അഖിലേശ്വരയ്യർ | |
ഗോവിന്ദമേനോൻ | |
കല്യാണി |
Main Crew
കഥ സംഗ്രഹം
പ്രൊഫസർ എ.എസ്.പ്രകാശത്തിന്റെ കഥയെ ആസ്പദമാക്കി ഈ ചിത്രം ആദ്യം തമിഴിലാണ് പുറത്തു വന്നത് - 1972 ൽ "പുകുന്ത വീട്" എന്ന പേരിൽ. ആ ചിത്രം 1973 ൽ "Puttinillu Mettinillu" എന്ന പേരിൽ പിന്നീട് തെലുങ്കിൽ റീമേക് ചെയ്യപ്പെട്ടു. അതിനു ശേഷമാണ് മലയാളത്തിൽ "സിന്ധു" എന്ന പേരിൽ റീമേക് ചെയ്യപ്പെടുന്നത് (പക്ഷേ, ടൈറ്റിലിൽ എ.എസ്.പ്രകാശത്തിന്റെ പേര് ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല). ഈ മൂന്ന് ഭാഷയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ലക്ഷ്മിയായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഈ ചിത്രം ഹിന്ദിയിൽ 1982 ൽ "Teri Kasam" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടു.
ജയദേവൻ (പ്രേംനസീർ) ഡിഗ്രി പാസായി ജോലിക്കൊന്നും ശ്രമിക്കാതെ ഇരിക്കുകയാണ്. ജയദേവൻ നല്ലൊരു ഗായകൻ കൂടിയാണ്. ജോലിക്ക് ശ്രമിക്കാതെ സദാ പാട്ടും പാടിയിരിക്കുന്ന ജയദേവനോട് അമ്മ പർവ്വതിയമ്മ (കവിയൂർ പൊന്നമ്മ) പാട്ടും പാടിയിരുന്ന് ഭാവി നശിപ്പിക്കാതെ വല്ല ജോലിക്കും ശ്രമിച്ചുകൂടേ എന്ന് ചോദിക്കുമ്പോൾ, അമ്മ വിഷമിക്കേണ്ട സംഗീതം കൊണ്ട് താൻ പണമുണ്ടാക്കുമെന്നും, റേഡിയോ സ്റ്റേഷനിൽ ഒരു പ്രോഗ്രാമിന് വിളിച്ചിട്ടുണ്ടെന്നും, അത് കഴിഞ്ഞാൽ തന്നെ തേടി ധാരാളം അവസരങ്ങൾ ഓടിയെത്തുമെന്നും, അധികം വൈകാതെ ധാരാളം പണം സമ്പാദിക്കുമെന്നും, അനിയത്തി ഗീതയെ (വിധുബാല) നല്ലൊരു ചെറുക്കന് വിവാഹം കഴിച്ചു കൊടുക്കുമെന്നും പറയുന്നു. പിന്നീട് മനോഹരമായ ഒരു വീട് പണിത് അതിൽ അമ്മയെ താമസിപ്പിക്കുമെന്നും പറയുന്നു. കടത്തിൽ മുങ്ങിക്കിടക്കുന്ന കുടുംബത്തെ അല്പമെങ്കിലും ഒന്ന് കരകയറ്റാൻ വേണ്ടി ഗീത താൻ ഏതെങ്കിലും ജോലിക്ക് പോകാം എന്ന തീരുമാനത്തിലെത്തുന്നു.
പണത്തിന്റെ തിമിർപ്പിൽ വളർന്ന സിന്ധു (ലക്ഷ്മി) അഹങ്കാരത്തിന്റെ മൂർത്തിയാണ്. അച്ഛന്റെയും, അമ്മയുടെയും ആശ്രയമില്ലാതെ അവളെ ജ്യേഷ്ഠൻ രാജേന്ദ്രൻ (മധു) കഷ്ടപ്പാടും, വേദനയും അറിയിക്കാതെ വളർത്തിയതിന്റെ ഫലമാണത്. വൃത്തിക്കും, വെടുപ്പിനും പ്രാധാന്യം കല്പിക്കുന്ന അവൾ മുൻകോപിയാണെന്ന് മാത്രമല്ല, ചെല്ലുന്നിടത്തെല്ലാം വഴക്കുണ്ടാക്കുന്നതുമാണ് പതിവ്. രോഗികളെ കാണുന്നതും അവൾക്കറപ്പാണ്. ഗീത സിന്ധുവിന്റെ വീട്ടിൽ അടുക്കളക്കാരിയായി ജോലിക്ക് ചേരുന്നു, പക്ഷേ അമ്മയോട് എവിടെയാണ് ജോലിയെന്നോ, എന്താണ് ജോലിയെന്നോ പറയുന്നില്ല. സിന്ധുവിന് ഗീതയുടെ പാചക രീതിയും, വൃത്തിയും വെടുപ്പും, പെരുമാറ്റവും നന്നേ ഇഷ്ടപ്പെടുന്നു.
രാജേന്ദ്രൻ ഒരിക്കൽ സിന്ധുവിന് വേണ്ടി വാങ്ങി വരുന്ന സാരി സിന്ധുവിന്റെ കൈയ്യിൽ നിന്ന് മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് വീഴുന്നത് ഒരു കുഷ്ഠരോഗിയുടെ ദേഹത്തേക്കാണ്, അത് മറ്റാരുമല്ല അവരുടെ അച്ഛൻ ഗോവിന്ദമേനോനാണ്. പക്ഷേ, അച്ഛൻ ജീവിച്ചിരിക്കുന്നതും, അദ്ദേഹം കുഷ്ഠരോഗിയാണെന്നുള്ളതുമായ സത്യം രാജേന്ദ്രൻ സിന്ധുവിൽ നിന്നും മാത്രമല്ല, നാട്ടുകാരിൽ നിന്നും കൂടി ഒളിച്ചു വെച്ചിരുന്നു. അച്ഛനെ രാജേന്ദ്രൻ സിന്ധു അറിയാതെ ഔട്ട്ഹൗസിൽ രഹസ്യമായി താമസിപ്പിച്ചിരിക്കുകയാണ്. ആ സാരി എടുക്കാൻ പോകുന്ന രാജേന്ദ്രനെ സിന്ധു തടുക്കുക മാത്രമല്ല, സാരി കത്തിച്ചു കളയുകയും ചെയ്യുന്നു. സ്വന്തം മകൾ അച്ഛനെ അപമാനിക്കുന്നത് സഹിക്കാൻ കഴിയാത്തതിനാൽ രാജേന്ദ്രൻ അച്ഛനെക്കണ്ട് സിന്ധുവിനോടും, നാട്ടുകാരോടും എല്ലാം തുറന്നു പറയും എന്ന് പറയുമ്പോൾ ഗോവിന്ദമേനോൻ അവനെ വിലക്കുകയും, നാട്ടുകാർ ഇതറിഞ്ഞാൽ നിങ്ങളുടെ ഭാവി തന്നെ നശിക്കും എന്നും പറയുന്നു.
നിശ്ചയിച്ച തിയ്യതിയിൽ റേഡിയോവിൽ ജയദേവന്റെ ഗാനം പ്രക്ഷേപണം ചെയ്യുന്നു. ആ ഗാനം കേട്ട് സിന്ധു ജയദേവന് ഒരു പ്രേമലേഖനം എഴുതുന്നു. ആ കത്ത് വായിച്ച ജയദേവൻ അമ്മയുടെ നിർദ്ദേശപ്രകാരം സിന്ധുവിന് ഉപദേശരൂപേണ മറുപടി അയക്കുന്നു. ഗീത രാജേന്ദ്രന്റെ അച്ഛനെ സ്വന്തം അച്ഛനെപ്പോലെ പരിചരിക്കുന്നു.
ജയദേവൻ പാടുവാനുള്ള ചാൻസ് തന്നെത്തേടിയെത്തും എന്ന് പറഞ്ഞ് ജോലിക്കൊന്നും ശ്രമിക്കാതെ ഇരിക്കുമ്പോൾ അമ്മ താൻ പണിയെടുത്ത് നിന്നെ പോറ്റാം എന്ന് പറയുമ്പോൾ, മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതെ ജയദേവൻ ഒരു ജോലിക്കായി ശ്രമിക്കുകയും, സിന്ധുവിന്റെ ഡ്രൈവറായി ജോലി കിട്ടുകയും ചെയ്യുന്നു. എവിടെയാണ്, എന്താണ് ജോലി എന്ന് അമ്മ ചോദിക്കുമ്പോൾ ജയദേവനും അമ്മയോട് സത്യം പറയുന്നില്ല. കാറിന്റെ ഡോർ അടയ്ക്കുമ്പോൾ ജയദേവന്റെ കൈ കുടുങ്ങി മുറിവ് പറ്റുന്നു. അത് മറഞ്ഞ് നിന്ന് കാണുന്ന ഗീത തന്റെ സാരിത്തുമ്പ് മുറിച്ച് മാനേജർ വേണുവിനെ (അടൂർഭാസി) ഏൽപ്പിച്ച് മുറിവ് കെട്ടാൻ കൊടുക്കുന്നു. ആ സാരിത്തുമ്പ് വെച്ച് അമ്മ രണ്ടുപേരുടെയും കള്ളം കണ്ടുപിടിക്കുന്നു.
ഒരു ദിവസം സിന്ധുവിനെയും കൊണ്ട് കാർ ഓടിച്ചു പോവുകുമ്പോൾ ജയദേവൻ അവളോട് നിന്നെ പ്രേമിക്കുന്നു എന്ന് പറയുമ്പോൾ, സിന്ധു അവന്റെ കരണത്തടിക്കുന്നു. അവനെ കാറിൽ നിന്നും ഇറക്കിവിട്ട് കാർ സ്വയം ഓടിച്ചു പോകാനൊരുങ്ങുമ്പോൾ ജയദേവൻ അവൾ ഇഷ്ടപ്പെട്ട അതേ ഗാനം പാടുന്നു. ജയദേവൻ ആരാണെന്ന് മനസ്സിലായ സിന്ധു അവനെ പ്രേമിച്ചു തുടങ്ങുന്നു. ജയദേവൻ ഡിഗ്രിക്കാരനാണെന്ന് മനസ്സിലാക്കുന്ന രാജേന്ദ്രൻ അവനെ അവരുടെ കമ്പനിയിലെ ഒരു സെക്ഷന്റെ മാനേജർ ആയി നിയമിക്കുന്നു.
സിന്ധു ജയദേവനെ പ്രേമിക്കുന്നുവെന്ന് രാജേന്ദ്രൻ അറിയുകയും അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ നിശ്ചയിക്കുകയും ചെയ്യുന്നു. അതനുസരിച്ച് രാജേന്ദ്രൻ ജയദേവന്റെ അമ്മയെച്ചെന്ന് കാണുന്നു. മകന് വലിയ വീട്ടിലെ ബന്ധം കിട്ടുന്നതിൽ അമ്മ സന്തോഷിക്കുന്നുണ്ടെങ്കിലും, അവർ പാവപ്പെട്ടവരായതിനാൽ മകൾക്ക് അതുപോലൊരു ബന്ധം കിട്ടാൻ സാധ്യത ഇല്ലല്ലോ, അതുകാരണം ചേട്ടനും അനിയത്തിയും ജീവിതത്തിലെ രണ്ടു തട്ടിലായിപ്പോവുമല്ലോ എന്നും അമ്മ വിഷമിക്കുന്നു. അവരുടെ വിഷമം മനസ്സിലാക്കിയ രാജേന്ദ്രൻ മാറ്റക്കല്യാണത്തിന് തയ്യാറാവുന്നു - അതായത് പെണ്ണ് കൊടുത്ത് പെണ്ണ് എടുക്കാൻ. അങ്ങിനെ ജയദേവനും സിന്ധുവും, രാജേന്ദ്രനും ഗീതയും തമ്മിലുള്ള വിവാഹം നടക്കുന്നു.
ജയദേവന്റെ അമ്മയ്ക്ക് തുടർച്ചയായി വരുന്ന ചുമയെ സിന്ധു ക്ഷയരോഗമാണെന്ന് പറഞ്ഞ് സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രമല്ല അമ്മയെ ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം എന്നും ശഠിക്കുന്നു. ജയദേവന് അത് സഹിക്കാൻ കഴിയുന്നില്ല. ജയദേവൻ ജോലിക്കാര്യത്തിനായി ഡൽഹിക്ക് പോയ തക്കം നോക്കി സിന്ധു അമ്മയെ ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നു. തിരിച്ചെത്തുന്ന ജയദേവൻ അയൽക്കാരിയിൽ നിന്നും ഈ വിവരം കേട്ട് ഞെട്ടുകയും അമ്മയെ ഉടൻ തന്നെ തിരിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. അമ്മയോട് മാപ്പ് ചോദിക്കാൻ ജയദേവൻ പറയുമ്പോൾ സിന്ധുവിന്റെ ദുരഭിമാനം അതിനനുവദിക്കുന്നില്ല. അരിശം മൂത്ത് ജയദേവൻ സിന്ധുവിന്റെ കരണത്തടിച്ച് അവളെ വീട്ടിൽ നിന്നും പുറത്താക്കുന്നു.
വീട്ടിൽ നിന്നും ഇറക്കിവിടപ്പെട്ട സിന്ധു നേരെ തന്റെ ചേട്ടന്റെ പക്കൽ ചെന്ന് ജയദേവൻ തന്നെ അടിച്ച് ആട്ടിയിറക്കിയ വിവരം പറയുന്നു. ജയദേവൻ വന്ന് തന്നെ നേരിട്ട് വിളിച്ചാൽ മാത്രമേ തിരിച്ചു പോവുള്ളു എന്നും പറയുന്നു. പൊന്നുപോലെ വളർത്തിയ അനിയത്തിയെ ജയദേവൻ അടിച്ചതിന്റെ കാരണം ചോദിക്കാനായി രാജേന്ദ്രൻ ജയദേവനെ കാണാൻ ചെല്ലുന്നു. ജയദേവനിൽ നിന്നും യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് മനസ്സിലാക്കുന്ന രാജേന്ദ്രൻ കാര്യങ്ങളെല്ലാം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു. എന്നാൽ സിന്ധു അമ്മയോട് മാപ്പ് പറഞ്ഞെ മതിയാവു എന്ന് ജയദേവൻ തീർത്തു പറയുമ്പോൾ രാജേന്ദ്രൻ നിസ്സഹായനായി മടങ്ങുന്നു. നിസ്സഹായനായി മടങ്ങുന്ന രാജേന്ദ്രനോട് സിന്ധു എന്ത് സംഭവിച്ചു എന്ന് ചോദിക്കുമ്പോൾ, രാജേന്ദ്രൻ ജയദേവന്റെ തീരുമാനം അറിയിക്കുന്നു. അത് കേട്ട് ജയദേവനെ ഇപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടണം എന്ന് സിന്ധു പറയുമ്പോൾ, അതയാൾ സ്വയം രാജിവെച്ചു കഴിഞ്ഞു എന്ന് രാജേന്ദ്രൻ പറയുന്നു. രാജേന്ദ്രൻ സിന്ധുവിനെ ഗുണദോഷിക്കുന്നുണ്ടെങ്കിലും അതൊന്നും അവൾ ചെവിക്കൊള്ളുന്നില്ല.
ജോലി രാജിവെച്ച ജയദേവൻ സ്വന്തമായൊരു ഗാനമേള ട്രൂപ്പ് തുടങ്ങാൻ വേണ്ടി ബാങ്കറോട് പതിനായിരം രൂപ കടം ചോദിക്കുന്നു. രാജേന്ദ്രൻ ഗീതയോട് പതിനായിരം രൂപ കൊടുത്ത് അത് മാനേജർ വേണുവിനെ ഏൽപ്പിക്കാനുള്ളതാണെന്ന് പറയുന്നു. ആ സമയത്ത് ബാങ്കർ രാജേന്ദ്രനെ വിളിച്ച് ജയദേവന് കടം കൊടുക്കാമോ എന്ന് ചോദിക്കുമ്പോൾ അറ്റൻഡ് ചെയ്യുന്നത് ഗീതയാണ്. രാജേന്ദ്രനോട് അത് അറ്റൻഡ് ചെയ്യാൻ പറയുമ്പോൾ രാജേന്ദ്രൻ ഗീതയോട് തന്നെ മറുപടി കൊടുക്കാൻ പറയുന്നു. ആരുടേയും ഔദാര്യത്തിന് നിൽക്കാതെ സ്വന്തം കാലിൽ ഉറച്ചു നിന്ന് മുന്നേറണം എന്ന് ഗീത മറുപടി നൽകുന്നു. പിന്നീട് രാജേന്ദ്രൻ സിന്ധുവിന്റെ കാര്യം അച്ഛനുമായി സംസാരിക്കുമ്പോൾ താൻ ഒരു യുക്തി ആലോചിച്ചുവെച്ചിട്ടുണ്ടെന്നും, അത് പ്രാവർത്തികമാക്കിയ ശേഷം പറയാം എന്നും രാജേന്ദ്രൻ അച്ഛനോട് പറയുന്നു. സിന്ധുവിനോട് രാജേന്ദ്രൻ വീണ്ടും താണുപോവാൻ പറയുമ്പോഴും അതനുസരിക്കാൻ അവൾ വിസമ്മതിക്കുകയാണ് ചെയ്യുന്നത്. പകരം അവൾ ജയദേവനെ വഴിക്ക് കൊണ്ടുവരാൻ ഒരു ഉപായം നിർദ്ദേശിക്കുന്നു - ഗീതയെ വീട്ടിൽ നിന്നും ഇറക്കി വിടണം എന്ന്. സിന്ധുവിന്റെ നന്മയ്ക്ക് വേണ്ടി രാജേന്ദ്രൻ അങ്ങിനെ ചെയ്യാം എന്നു പറയുന്നു.
അടുത്ത ദിവസം ഗീതയെ ഏൽപ്പിച്ച പത്തായിരം രൂപ മാനേജർ വേണുവിനെ ഏൽപ്പിക്കാൻ രാജേന്ദ്രൻ പറയുമ്പോൾ ആ പണം കാണാനില്ലെന്ന് ഗീത പറയുന്നു. നീ ആ പണം കണ്ടുവോ എന്ന് ഗീത സിന്ധുവിനെ ചോദിക്കുമ്പോൾ സിന്ധു അത് തെറ്റിദ്ധരിച്ച് ഗീത എന്നെ കളിയാക്കുന്നോ എന്ന് ചോദിക്കുക മാത്രമല്ല, ജയദേവന് പതിനായിരമല്ലേ ആവശ്യമുണ്ടായിരുന്നത് അത് കൊണ്ട് ഗീത ജയദേവന് ആരും അറിയാതെ കൊടുത്തതായിരിക്കും എന്ന് ആരോപിക്കുന്നു. താങ്ങിനെ ചെയ്തിട്ടില്ല എന്ന് ഗീത എത്ര കരഞ്ഞു പറഞ്ഞിട്ടും രാജേന്ദ്രൻ അത് വിശ്വസിക്കുന്നില്ലെന്ന് മാത്രമല്ല, അവളെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു. വീടുവിട്ട് പോവുമ്പോൾ ഗീത താൻ ഗർഭിണിയാണെന്ന സത്യം രാജേന്ദ്രനെ അറിയിക്കുന്നു. ഗീത പോയ ശേഷം രാജേന്ദ്രൻ സിന്ധുവിനോട് സത്യം തുറന്നു പറയുന്നു - ഗീത നിരപരാധിയാണെന്നും, പണം ഞാനാണ് ഒളിച്ചു വെച്ചതെന്നും, നിന്റെ സന്തോഷത്തിന് വേണ്ടിയാണ് ഗീതയെ കള്ളിയാക്കി വീട്ടിൽ നിന്നും ഇറക്കിവിട്ടത് എന്നും.
കരഞ്ഞുകൊണ്ട് വീട്ടിലെത്തുന്ന ഗീതയോട് അമ്മ കാര്യം തിരക്കുമ്പോൾ അവളെ വീട്ടിൽ നിന്നും ഇറക്കിവിട്ടതാണെന്നറിയുന്നു. ഇത് ഞാൻ നേരത്തെ കണ്ടതാണെന്നും, സഹോദരിയുടെ ഭാവി ഓർത്തെങ്കിലും സിന്ധുവിനെ തിരിച്ചുകൊണ്ടുവരാൻ ജയദേവനോട് അമ്മ പറയുമ്പോൾ ജയദേവൻ സാധ്യമല്ലെന്ന് പറയുന്നു.
സിന്ധുവിന് വേണ്ടി ഗീതയെ വീട്ടിൽ നിന്നും ഇറക്കിവിട്ടുവെങ്കിലും രാജേന്ദ്രന് അവളെ മറക്കാൻ കഴിയുന്നില്ല. ഒരിക്കൽ ഒരു ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ച് ജയദേവന്റെ ഗാനമേള കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയിൽ ജയദേവൻ സഞ്ചരിച്ചിരുന്ന കാർ തകരാറ് കാരണം നിന്നുപോവുമ്പോൾ ആളാരാണെന്ന് അറിയാതെ സിന്ധുവിന്റെ കാറിൽ ലിഫ്റ്റ് ചോദിച്ചു കേറുന്നു. വീടെത്തുന്നത് വരെ രണ്ടുപേരും ദുരഭിമാനം കാരണം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടുന്നില്ല.
വേണുവും അയാളുടെ ഗേൾഫ്രണ്ട് കലയും (ശ്രീലത) ഗീത പ്രസവിച്ച കാര്യം രാജേന്ദ്രനെ അറിയിക്കുന്നു. കുഞ്ഞിനേയും, ഗീതയേയും കാണാൻ രാജേന്ദ്രൻ തീരുമാനിക്കുമ്പോൾ സിന്ധു പ്രതീകാത്മകമായി രാമായണത്തിൽ സീത പ്രസവിച്ചതറിഞ്ഞിട്ടും സീതയെ കാണാൻ ചെന്നില്ല, അതാണ് പുരുഷത്വം എന്ന് പറഞ്ഞ് അത് തടഞ്ഞു നിർത്തുന്നു. അതുകൊണ്ട് പിന്നീടൊരിക്കൽ രാജേന്ദ്രൻ വേണുവിനെയും കലയെയും ഗീതയുടെ പക്കൽ അയച്ച് കുഞ്ഞിനെ മാത്രം കൊണ്ടുവരാൻ പറയുന്നു. ഗീത കുഞ്ഞിനെ അവരുടെ പക്കൽ കൊടുക്കുന്നുണ്ടെങ്കിലും അപ്പോഴേക്കും ജയദേവൻ വന്ന് തടഞ്ഞ് കുഞ്ഞിനെ അവരുടെ പക്കൽ നിന്നും തിരിച്ചു വാങ്ങുന്നു. പിന്നീട് ഗീത കുഞ്ഞിനേയും കൊണ്ട് അമ്പലത്തിൽ തൊഴാൻ ചെല്ലുമ്പോൾ അവിടെ രാജേന്ദ്രനെ കണ്ടുമുട്ടുന്നു. രാജേന്ദ്രൻ അവളോട് പണം താനാണ് ഒളിച്ചു വെച്ചതെന്ന സത്യം തുറന്നു പറഞ്ഞ് അവളോട് മാപ്പു ചോദിക്കുകയും, കുഞ്ഞിന് ഒരു സ്വർണ്ണമാല അണിയിക്കുകയും ചെയ്യുന്നു. അടുത്ത ദിവസം അമ്പലത്തിൽ നേർച്ച നേർന്നിട്ടുണ്ടെന്നും, കുഞ്ഞിനേയും കൊണ്ട് അമ്പലത്തിൽ വരണമെന്നും ഗീതയോട് പറയുന്നു.
അടുത്ത ദിവസം ജയദേവൻ അറിയാതെ ഗീത അമ്പലത്തിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ ജയദേവൻ അവിടേക്ക് വന്ന് അവളെ തടഞ്ഞു നിർത്തുന്നു. കുഞ്ഞിന്റെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല ശ്രദ്ധിച്ച് ഇതാര് തന്നു എന്നന്വേഷിക്കുന്നു. ഗീത സത്യം പറയുമ്പോൾ, എല്ലാരും ചേർന്ന് എന്നെ കബളിപ്പിക്കുകയാണല്ലേ എന്ന് ജയദേവൻ കോപിക്കുകയും, കുഞ്ഞിന്റെ കഴുത്തിലെ മാല എടുത്തു മാറ്റാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഗീത അത് തടഞ്ഞു നിർത്തി തന്റെ ഭർത്താവിന് വേണ്ടി വാദിക്കുന്നു. അതിൽ ദേഷ്യം വരുന്ന ജയദേവൻ അവളെ അടിക്കുമ്പോൾ രാജേന്ദ്രൻ അവിടേക്ക് കടന്ന് വന്ന് തന്റെ ഭാര്യയെ തൊട്ടു പോവരുതെന്ന് പറയുകയും ഗീതയേയും കുഞ്ഞിനേയും തന്നോടൊപ്പം കൊണ്ടുപോവുകയും ചെയ്യുന്നു. തന്റെ വാക്ക് കേൾക്കാതെ അനിയത്തി ഭർത്താവിന്റെ കൂടെ പോവുന്നത് കാണുന്ന ജയദേവൻ തകർന്നു പോവുന്നു. അപ്പോൾ അമ്മ പറയുന്നു അവൾ ചെയ്തതാണ് ശരി, അവൾ ഭർത്താവിന്റെ കൂടെ സുഖമായി ജീവിക്കട്ടെ എന്ന്.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |