കാർത്തിക്

Karthik
KARTHIK_PHOTO
Date of Birth: 
Friday, 7 November, 1980
ആലപിച്ച ഗാനങ്ങൾ: 130

ദക്ഷിണേന്ത്യയിലെ പിന്നണിഗാനരംഗത്ത് വ്യത്യസ്തമായ ശബ്ദത്തോടെയെത്തിയ ഇളമുറക്കാരൻ. പിന്നണിഗായകരുടെയും പിന്നിലെ കോറസ് ഗ്രൂപ്പിൽ നിന്നാണ് എ.ആർ റഹ്മാൻ ഈ അസാമാന്യ പ്രതിഭയെ മുൻപന്തിയിലെത്തിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും ഈ ഗായകന്റെ ശബ്ദം പതിയാത്ത ഓഡിയോ ആൽബങ്ങളുണ്ടോ എന്ന് സംശയമുണ്ട്. കുട്ടിക്കാലം മുതൽ തന്നെ കർണ്ണാടക സംഗീതം അഭ്യസിച്ച്, കോളേജിലെത്തിയ കാർത്തിക് മദ്രാസിലെ ഐഐടി സംഘടിപ്പിച്ചിരുന്ന "സാരംഗ്" എന്ന സംഗീതഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു.എ ആർ റഹ്മാനെ കാണണമെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണമെന്നും സ്വപ്നം കണ്ട കാർത്തിക്കിന് കൂട്ടുകാരന്റെ ബന്ധുവഴി ഗായകൻ ശ്രീനിവാസിനെ പരിചയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി. കാർത്തിക്കിലെ പ്രതിഭ തിരിച്ചറിഞ്ഞ ശ്രീനിവാസ് സംഗീതപാഠങ്ങൾ ചിട്ടയോടെ തുടരുവാനും സംഗീതം ഒരു പ്രൊഫഷണൽ ജോലിയായി തിരഞ്ഞെടുക്കുവാനും പ്രോത്സാഹിപ്പിച്ചു. അധികം വൈകാതെ തന്നെ എ ആർ റഹ്മാന്റെ കോറസ് സംഘത്തിലേക്ക് “പുക്കാർ” എന്ന ചലച്ചിത്രത്തിനു വേണ്ടി പുതിയ ശബ്ദങ്ങൾ ആവശ്യമായി വന്നപ്പോൾ റഹ്മാനെ പരിചയപ്പെടുത്തുകയും ചെയ്തു. ഏകദേശം ഒരു വർഷക്കാലം റഹ്മാന്റെ കോറസിൽ തുടർന്നെങ്കിലും “ വൺ ടു കാ ഫോർ” എന്ന ചലച്ചിത്രത്തിലെ ഗാനത്തിനു വേണ്ടി താരസ്ഥായിയിൽ ഒരു ആലാപനം റഹ്മാൻ ആവശ്യപ്പെട്ടത് കാർത്തിക്കിന്റെ പ്രതിഭയും അവസരവും തെളിയാൻ അവസരമൊരുങ്ങി. റഹ്മാന്റെ സ്റ്റാർ എന്ന അടുത്ത ചിത്രത്തിൽ "നെന്തുക്കിട്ടേൻ" എന്ന സോളോ ഗാനം ആലപിച്ചു കൊണ്ട് പ്രൊഫഷണൽ ഗായകനായി മാറിയ കാർത്തിക്കിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എ ആർ റഹ്മാൻ,ഇളയരാജ,വിദ്യാസാഗർ,ഹാരിസ് ജയരാജ്,യുവൻ ശങ്കർ രാജ എന്ന് തുടങ്ങി ഒട്ടു മിക്ക സംഗീത സംവിധായകരുടെയും പ്രിയഗായകനായി മാറി. ഏത് ഭാഷയിലും തന്മയത്വമായി ഭാഷാപ്രശ്നങ്ങൾ കൂടാതെ ഗാനങ്ങൾ ആലപിക്കാൻ കഴിയുന്നത് കാർത്തിക്കിനെ ശ്രോതാക്കളുടെയും പ്രിയങ്കരനാക്കി മാറ്റി. ദക്ഷിണേന്ത്യയിലെ മിക്ക സൂപ്പർഹിറ്റ് ഗാനങ്ങൾക്കും ശേഷം മണിരത്നം ഹിന്ദിയിൽ തയ്യാറാക്കിയ “രാവൺ” എന്ന ചിത്രത്തിനു വേണ്ടി റഹ്മാന്റെ തന്നെ സംഗീതത്തിൽ ആലപിച്ച “ബെഹ്നേ ദേ” എന്ന ഹിന്ദിഗാനം ടോപ്പ് ചാർട്ടുകളിൽ ഇടം നേടിയതോടെ കാർത്തിക്ക് ബോളിവുഡ് ഗാനരംഗത്തും ശ്രദ്ധനേടി.

ലൈവ് ഷോകളിൽ സ്വയം മറന്ന് ആലാപനം നടത്തി ഭൂരിഭാഗം കാണികളെയും കയ്യിലെടുക്കാൻ കഴിവുള്ള പ്രമുഖരിൽ ഒരാളാണ് കാർത്തിക്ക്. മലയാളത്തിലെ സംഗീതസംവിധായക ജോഡികളായ “ബെന്നറ്റ്-വീത്‌രാഗിലെ” ബെന്നറ്റുമൊത്ത് കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ലൈവ് സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. ജിംഗിളുകൾക്കും മറ്റ് പരസ്യചിത്രങ്ങൾക്കും സംഗീതം നിർവ്വഹിച്ചിട്ടുണ്ടെങ്കിലും തമിഴിൽ വസന്തബാലൻ സംവിധാനം ചെയ്ത “ആരവൻ” എന്ന ചരിത്രസിനിമയിലെ പാട്ടുകൾക്ക് ഈണമിട്ടു കൊണ്ട്  പ്രൊഫഷണൽ സംഗീതസംവിധാന രംഗത്തേക്കും കടന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ “ഇനിയെന്നും” എന്ന ഹിറ്റായ ആൽബത്തോടെയാണ് കാർത്തിക്  മലയാളത്തിൽ പേരെടുക്കുന്നത്. തുടർന്നു വന്ന “അകലെ”എന്ന ചലച്ചിത്രത്തിൽ എം ജയചന്ദ്രന്റെ സംഗീതസംവിധാനത്തിൽ ആലപിച്ച “അകലെ..അകലെ” എന്ന ഗാനം സൂപ്പർഹിറ്റായതോടെ കാർത്തിക്കിന് മലയാളത്തിലും മികച്ച അവസരങ്ങൾക്ക് വഴിയൊരുങ്ങി.നിരവധി തവണ തമിഴിലും തെലുങ്കിലുമായി ഫിലിം ഫെയർ അവാർഡുകളിൽ മികച്ച ഗായകനായും,ജനപ്രീതിയുള്ള ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു.