കടവൂർ ചന്ദ്രൻപിള്ള
കോയിപ്പുറത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ ഗോപാലപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കടവൂരിൽ ജനിച്ചു. ചന്ദ്രൻ പിള്ളയുടെ ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചിരുന്നു. പത്താം ക്ലാസ് പഠനത്തിനു ശേഷം ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും നാടകത്തിലും അദ്ദേഹം സജീവമായി. 1956 -ൽ ശിൽപ്പി എന്നൊരു സാഹിത്യ മാസിക പുറത്തിറക്കി. മൂന്നു ലക്കം പ്രസിദ്ധീകരിച്ചു. ദീർഘകാലം മലയാളരാജ്യത്തിൽ സഹ പത്രാധിപരായിരുന്നു.
1967 -ൽ സാഹിത്യപരിഷത്ത് നടത്തിയ നാടക മത്സരത്തിൽ ചന്ദ്രൻ പിള്ള രചിച്ച "ജീവിതം വഴിമുട്ടി നിൽക്കുന്നു" എന്ന നാടകം ഒന്നാം സ്ഥാനം നേടി. കൊല്ലം പബ്ലിക് ലൈബ്രറിയുടെ അഡ്മിനിസ്ട്രേറ്ററായി ദീർഘ കാലം പ്രവർത്തിച്ചു. നാടകങ്ങളോടൊപ്പം നോവലും ചെറുകഥകളുമെഴുതിയ ചന്ദ്രൻ പിള്ളയുടെ പുത്രകാമേഷ്ഠി എന്ന നാടകം അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് പുത്രകാമേഷ്ടി എന്ന പേരിൽ തന്നെ സിനിമയായിട്ടുണ്ട്. 1983 -ൽ ഇറങ്ങിയ ആന എന്ന സിനിമയിൽ ചന്ദ്രൻ പിള്ള അഭിനയിച്ചിട്ടുമുണ്ട്.
2007 സെപ്റ്റംബറിൽ കടവൂർ ചന്ദ്രൻ പിള്ള അന്തരിച്ചു.