പ്രേംജി

Premji
Date of Birth: 
Wednesday, 23 September, 1908
Date of Death: 
തിങ്കൾ, 10 August, 1998
മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട്
എം പി ഭട്ടതിരിപ്പാട്

സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട്. 1908 സെപ്റ്റംബർ 23ന് മലപ്പുറം പൊന്നാനിയിലെ വന്നേരിയിൽ മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ദേവസേന അന്തർജനത്തിൻറെയും പുത്രനായിട്ടാണ് അദ്ദേഹം ജനിച്ചത്. സാമൂഹ്യ പരിഷ്കർത്താവായിരുന്ന എം.ആർ.ബി. എന്ന എം.ആർ ഭട്ടതിരിപ്പാട് സഹോദരനാണ്.

19-ാം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായ പ്രേംജി വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
പിന്നീട് എം.ആർ.ബിയുടെ മറക്കുടക്കുള്ളിലെ മഹാനഗരം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായ പ്രേംജി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനായിരുന്നു. അക്കാലത്ത് നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തികമാക്കിക്കൊണ്ട് കുറിയേടത്തെ വിധവയായ ആര്യാ അന്തർജനത്തെ പ്രേംജി വിവാഹം ചെയ്തു.

നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും കടന്ന അദ്ദേഹം മിന്നാമിനുങ്ങ്, തച്ചോളി ഒതേനൻ, ആനപ്പാച്ചൻ, ലിസ,യാഗം, ഉത്തരായനം, പിറവി, സിന്ദൂരച്ചെപ്പ് തുടങ്ങി 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു. ഷാജി എൻ. കരുൺ സംവിധാനം ചെയ്തത പിറവി യിലെ രാഘവചാക്യാർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിന് അദ്ദേഹത്തിന് 1988-ൽ മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. മുഖത്തിന്റെ ഒരു പാതിയിൽ വിഷാദവും ഒരു ഭാഗത്ത് സന്തോഷവും വരുത്തുന്ന ഏകലോചനം എന്ന ഭാവവിസ്മയം വഴങ്ങുന്ന അപൂർവും കലാകാരന്മാരിലൊരാളായിരുന്നു പ്രേംജി.

'സപത്നി',' നാൽക്കാലികൾ', 'രക്തസന്ദേശം', 'പ്രേംജി പാടുന്നു' എന്നീ കാവ്യസമാഹാരങ്ങളും 'ഋതുമതി' എന്ന നാടകവും രചിച്ചിട്ടുണ്ട് ഇദ്ദേഹം.1977-ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച പ്രേംജിക്ക് കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

1998 ഓഗസ്റ്റ് 10-ന് അദ്ദേഹം നിര്യാതനായി. അന്തരിച്ച പ്രശസ്ത നടൻ കെ.പി.എ.സി. പ്രേമചന്ദ്രൻ, മാദ്ധ്യമപ്രവർത്തകനായ നീലൻ, ഹരീന്ദ്രനാഥൻ, ഇന്ദുചൂഡൻ, സതി എന്നിവരാണ് മക്കൾ.