ജയസൂര്യ
മലയാള ചലച്ചിത്ര നടൻ. 1978 ഓഗസ്റ്റിൽ ഏറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ചു. അച്ഛൻ മണി, അമ്മ തങ്കം. ചമ്പക്കര സെന്റ് ജോർജ്ജ് ഗവണ്മെന്റ് യു പി സ്കൂൾ, തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃത ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ജയസൂര്യയുടെ പ്രാഥമിക വിദ്യാഭ്യാസം. All Saints College-ൽ നിന്നും കോമേഴ്സിൽ ബിരുദം നേടി. പഠിയ്ക്കുന്ന കാലത്തുതന്നെ മിമിക്രിയിൽ തത്പരനായിരുന്നു ജയസൂര്യ. വിദ്യാഭ്യാസത്തിനുശേഷം കോട്ടയം നസീറിന്റെ കൊച്ചിൻ ഡിസ്കവറി എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു. കൂടാതെ ക്രൗൺ ഓഫ് കൊച്ചിൻ എന്ന മിമിക്രി ട്രൂപ്പിലും പ്രവർത്തിച്ചു. കൊച്ചിൻ ACV-യിൽ ഫൺഡേ ജാക്പോട്ട് എന്ന പ്രോഗ്രാമിലും കൈരളി ചാനലിൽ ജഗതി ജഗതിമയം എന്ന പ്രോഗ്രാമിലും അവതാരകനായിരുന്നു ജയസൂര്യ. ആ സമയത്ത് തന്നെ നിരവധി സീരിയലുകളിൽ വിവിധ അഭിനേതാക്കൾക്ക് വേണ്ടി ജയസൂര്യ ശബ്ദം കൊടുത്തിരുന്നു. അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ചെറിയ ഒരു വേഷം ചെയ്തു.
2002-ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിൽ നായകനായിക്കൊണ്ടായിരുന്നു പിന്നീട് ജയസൂര്യ അഭിനയിച്ചത്. ഊമയായുള്ള അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു..തുടങ്ങിയ സിനിമകളിലൂടെ ജയസൂര്യ മുൻനിര നായകനായി ഉയർന്നു. കൂടുതലും കോമഡിയ്ക്ക് പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. 2010-ൽ ഇറങ്ങിയ കോക്ടൈൽ എന്ന സിനിമയിലെ ജയസൂര്യയുടെ വേഷം നിരൂപക പ്രശംസ നേടി. 2011-ൽ ടി വി ചന്ദ്രന്റെ ശങ്കരനും മോഹനനും എന്ന സിനിമയിൽ ജയസൂര്യ ഇരുപത് ഗെറ്റപ്പുകളിൽ അഭിനയിച്ചു. ആ വർഷം തന്നെ ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ശരീരം തളർന്നു കിടപ്പിലായ സ്റ്റീഫൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രേക്ഷകരുടെയും,നിരൂപകരുടെയും പ്രശംസ നേടിയ അഭിനയമായിരുന്നു ജയസൂര്യയുടേത്. തുടർന്ന് ട്രിവാൻഡ്രം ലോഡ്ജ്, മുംബൈ പോലീസ്, ഹോട്ടൽ കാലിഫോർണ്ണിയ, അപ്പോത്തിക്കരി.. തുടങ്ങിയ സിനിമകളിൽ വ്യത്യസ്തവേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 2014-ൽ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിൽ അംഗൂർ റാവുത്തർ എന്ന വില്ലൻ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച ജയസൂര്യ തന്റെ അഭിനയ മികവ് ഒരിയ്ക്കൽ കൂടി തെളിയിച്ചു. ജയസൂര്യ ഒരു ഗായകൻ കൂടിയാണ്. ഇമ്മിണി നല്ലൊരാൾ എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. തുടർന്ന് പത്തിലധികം സിനിമകളിൽ അദ്ദേഹം പാട്ടുകൾ പാടി. പുണ്യാളൻ അഗർബത്തീസിലെ ആശിച്ചവനാകാശത്തുന്നൊരാനേ കിട്ടി.. അമർ അക്ബർ അന്തോണി-യിലെ പ്രേമമെന്നാൽ എന്താണു പെണ്ണേ.. എന്നീ ഗാനങ്ങൾ ജനപ്രീതി നേടി.
ജയസൂര്യ 2013-ൽ സിനിമാ നിർമ്മാണത്തിലേയ്ക്ക് പ്രവേശിച്ചു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ തന്നെ നായകനായി അഭിനയച്ച പുണ്യാളൻ അഗർബത്തീസ് ആയിരുന്നു ആദ്യ നിർമ്മാണ സംരംഭം. പുണ്യാളൻ വലിയ വിജയം നേടിയതിനെ തുടർന്ന് അഞ്ച് സിനിമകൾ കൂടി നിർമ്മിച്ചു. 2018-ൽ ജയസൂര്യ നിർമ്മിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ട്രാൻസ് ജെന്ററിന്റെ കഥപറയുന്ന ഞാൻ മേരിക്കുട്ടി എന്ന ചിതത്തിൽ ട്രാൻസ്ജന്ററായി മികച്ച അഭിനയം കാഴ്ച്ചവെച്ചു. 2018-ൽ തന്നെ ഫുട്ബോൾ താരം സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റൻ സത്യൻ എന്ന സിനിമയിൽ ജയസൂര്യ സത്യനായി അഭിനയിച്ചു. 2018-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ സത്യൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസുര്യക്ക് ലഭിച്ചു.
ജയസൂര്യയുടെ വിവാഹം 2004 ജനുവരിയിലായിരുന്നു. ഭാര്യയുടെ പേര് സരിത. അവർക്ക് രണ്ടുമക്കളാണുള്ളത്. മകൻ അദ്വൈത്, മകൾ വേദ.