വിധുബാല
പ്രമുഖ മാന്ത്രികൻ കെ. ഭാഗ്യനാഥിന്റെയും സുലോചനയുടെയും മകളായി പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചു. മൂന്നു വയസ്സു മുതല്‍ നൃത്തത്തിലും മാജിക്കിലുമൊക്കെ സജീവമായ വിധുബാല 1964 -ല്‍ എസ് ആര്‍ പുട്ടണ്ണ സംവിധാനം ചെയ്ത സ്കൂൾ മാസ്റ്റർ എന്ന സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് ധാരാളം സിനിമകളിൽ ബാലനടി, തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലനടി / നായികയുടെ സഹോദരി / നായകന്റെ പെങ്ങൾ എന്നിങ്ങനെയുള്ള വേഷങ്ങളിൽ അഭിനയിച്ചു.
1974 -ൽ ഹരിഹരൻ സംവിധാനം ചെയ്ത കോളേജ് ഗേൾ എന്ന സിനിമയിൽ പ്രേംനസീറിന്റെ നായികയായി. നായികാപദവിയിലെത്തിയ വിധുബാല പ്രേംനസീർ, മധു, വിൻസെന്റ്, മോഹൻ, ജയൻ, സോമൻ, കമലഹാസൻ തുടങ്ങിയ അക്കാലത്തെ മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നിർമ്മാതാവ് മുരളികുമാറിനെ വിവാഹം കഴിച്ച് 1981 -ൽ അഭിനയരംഗത്തുനിന്നും പിൻവാങ്ങി. ജയൻ നായകനായ അഭിനയം ആയിരുന്നു വിധുബാല അഭിനയിച്ച അവസാന ചിത്രം. വളരെ വർഷങ്ങൾക്ക് ശേഷം അമൃത ടിവിയിലെ "കഥയല്ലിത് ജീവിതം" പരിപാടിയിൽ അവതാരകയായി വിധുബാല വീണ്ടും പൊതുരംഗത്തേക്ക് വന്നു.