ബാബു ആന്റണി
മലയാള ചലച്ചിത്ര നടൻ.
ടി ജെ ആന്റണിയുടെയും മറിയം ആന്റണിയുടെയും മകനായി കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ജനിച്ചു. സേക്രട്ട് ഹാർട്ട് സ്കൂൾ, പൊൻകുന്നം ഗവണ്മെന്റ ഹൈസ്കൂൾ, സെന്റ് ഡൊമിനിക് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. സ്കൂൾകാലത്ത് ബാബു ആന്റണി നല്ലൊരു അത്ലറ്റ് ആയിരുന്നു. ട്രിപ്പിൾ ജമ്പ്, ഹൈ ജമ്പ്, ലോങ് ജമ്പ്, പോൾവാൾട്ട്, 800 മീറ്റർ റിലെ, വോളിബാൾ എന്നിവയിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പൂനെ യുണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം പൂനെയിലെ Symbiosis institute of business management, യിൽ നിന്ന് ഹൂമൺ റിസോൾസ് മാനേജ്മെന്റിൽ മാസ്റ്റേൾസ് ഡിഗ്രി നേടി. പഠിയ്ക്കുന്ന കാലത്ത് അദ്ദേഹം പൂനെ യൂണിവേഴ്സിറ്റിയിലെ വോളിബോൾ, അത്ലറ്റിക് ടീം ക്യാപ്റ്റനായിരുന്നു. മാർഷ്യൽ ആർട്സിൽ Fifth Dan Black Belt കരസ്ഥമാക്കിയിട്ടുണ്ട്. കുറച്ചുകാലം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്റ്റിൽ ജോലി ചെയ്തിരുന്നു. അത് സിനിമയിലേയ്ക്കുള്ള പ്രവേശനത്തിന് അദ്ദേഹത്തെ സഹായിച്ചു.
ഭരതൻ സംവിധാനം ചെയ്ത് 1986-ൽ റിലീസായ ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. ആക്ഷൻ രംഗങ്ങളിലെ മികവ് അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി.. തുടങ്ങിയ സിനിമകളിൽ വില്ലൻ വേഷങ്ങളിൽ ബാബു ആൻ്റണി മികച്ച പ്രകടനം കാഴ്ചവെച്ചു. മമ്മൂട്ടി,മോഹൻലാൽ,സുരേഷ്ഗോപി തുടങ്ങിയ എല്ലാ സൂപ്പർതാരങ്ങളുടെയും വില്ലനായി അഭിനയിച്ചിട്ടുണ്ട്. 1993-ൽ ആണ് നായകവേഷങ്ങളിലേക്ക് എത്തുന്നത്. നെപ്പോളിയൻ, ഭരണകൂടം, കടൽ, ചന്ത, ദാദ, രാജധാനി, കമ്പോളം തുടങ്ങി കുറേയേറെ സിനിമകളിൽ നായകനായി അഭിനയിച്ചെങ്കിലും തന്റെ നായക പദവി അധികകാലം നിലനിർത്താൻ അദ്ദേഹത്തിനായില്ല. പിന്നീട് ക്യാരക്ടർ റോളുകളിലേയ്ക്ക് മാറുകയായിരുന്നു.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി തുടങ്ങിയ അന്യഭാഷാസിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സ്ഥിരമായി ചെയ്തിരുന്ന ആക്ഷൻ റോളുകളിൽ നിന്നും വ്യത്യസ്തമായ വേഷങ്ങളിലും ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്. ഭരതന്റെ വൈശാലി യിലെ ലോമപാദ മഹാരാജാവ് ബാബു ആന്റണിയുടെ മികച്ച വേഷങ്ങളിൽ ഒന്നാണ്. അപരാഹ്നം, ശയനം എന്നീ സിനിമകളിലെല്ലാം അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
റഷ്യക്കാരിയായ ഇവ്ജെനിയ ആണ് ബാബു ആൻ്റണിയുടെ ഭാര്യ. ഇവർ ഒരു പാശ്ചാത്യ സംഗീതാദ്ധ്യാപിക കൂടിയാണ്. ആർതർ ആൻറണി, അലക്സ് ആൻ്റണി എന്നിവരാണ് മക്കൾ.