ശ്വേത മേനോൻ
അഭിനേത്രി, അവതാരക, മോഡൽ.
മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടി. അതിനു മുൻപ് മോഡലിംഗിലൂടെ ശ്രദ്ധേയയായ ശ്വേത നിരവധി സൌന്ദര്യമത്സരങ്ങളിലും ഫാഷൻ ഷോകളിലും പങ്കെടുത്തു. ബോളിവുഡിൽ ഐറ്റം ഡാൻസുകളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ച ശ്വേതാ മേനോൻ ജോമോൻ സംവിധാനം ചെയ്ത ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചെങ്കിലും ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലെ അഭിനയം ശ്വേതയെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹയാക്കി.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി,ശാരദാമേനോൻ ദമ്പതികളുടെ മകളായി ഏപ്രിൽ 23, 1974 ൽ ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. പിന്നീട് ശ്വേത മുംബൈയിലാണ് വളർന്നത്. 1994 ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത ശ്വേത ഐശ്വര്യാ റായ്, സുസ്മിത സെൻ എന്നിവർക്ക് പിന്നിൽ മൂന്നാമതായി. പിന്നീട് ബോളിവുഡിൽ അരങ്ങേറിയ ശ്വേത മേനോൻ ‘അശോക’, ‘കോർപറേറ്റ്’, ‘മൿബൂൽ’ എന്നീ ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
2011 ജൂൺ 18 ന് ശ്രീവത്സൻ മേനോനെ വിവാഹം ചെയ്തു.