എ ആർ റഹ്മാൻ
പ്രശസ്ത സംഗീത സംവിധായകൻ ആർ കെ ശേഖറിന്റെ മകനായി മദ്രാസിൽ ജനിച്ചു. ദിലീപ്‌കുമാർ എന്നായിരുന്നു റഹ്മാന്റെ ആദ്യ നാമം. ബാല്യകാലത്തുതന്നെ കീബോർഡ് വായിച്ചുകൊണ്ട് റഹ്‌മാൻ തന്റെ അച്ഛനെ റെക്കോർഡിങ് സ്റ്റുഡിയോയിൽ സഹായിച്ചിരുന്നു. റഹ്മാന് ഒൻപത് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. പിന്നീട് നിത്യജീവിതത്തിലെ വരുമാനത്തിന് വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ് കുടുംബം കഴിഞ്ഞത്. തുടർന്ന് അമ്മയായ കരീമയുടെ മേൽനോട്ടത്തിൽ വളർന്ന റഹ്‌മാൻ, പത്മ ശേഷാദ്രി ബാലഭവനിലായിരുന്നു ആദ്യം പഠിച്ചൈരുന്നത്. പിന്നീട് എം.സി.എൻ എന്ന മറ്റൊരു സ്കൂളിൽ പഠനം തുടർന്നു. തുടർന്ന് സംഗീതത്തിലുള്ള അഭിരുചി കാരണം റഹ്‌മാന് മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ അഡ്‌മിഷൻ ലഭിച്ചു. ഈ സ്കൂളിൽ വച്ച് ജിം സത്യയെപ്പോലെയുള്ള സഹപാഠികളോടൊപ്പം ചേർന്ന് അവിടെയുള്ള സംഗീത ബാന്റിൽ ചേരുകയുണ്ടായി.
മാസ്റ്റർ ധനരാജിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം നടത്തിയിരുന്നത്. തന്റെ 11-ാം വയസ്സിൽ റഹ്‌മാൻ, മലയാള ചലച്ചിത്ര സംവിധായകനും ആർ.കെ. ശേഖറിന്റെ അടുത്ത സുഹൃത്തുമായ എം.കെ. അർജുനൻ മാസ്റ്ററിന്റെ ഓർക്കസ്ട്രയിൽ പ്രവർത്തിക്കുകയുണ്ടായി. പെൺപട എന്ന മലയാളചിത്രത്തിൽ സംഗീത സംവിധായകനായ അച്ഛൻ ആർ കെ ശേഖറിന്റെ സഹായിയായി ഒരു ഗാനത്തിന് സംഗീതം നൽകിക്കൊണ്ട് തന്റെ പതിനൊന്നാമത്തെ വയസ്സിൽ റഹ്മാൻ സംഗീതസംവിധാന രംഗത്ത് തുടക്കമിട്ടു. പിന്നീട് സംഗീതമേഖലയിലെ പ്രവർത്തനങ്ങൾ വർധിച്ചപ്പോൾ പഠനവും സംഗീതവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വരികയും ഒടുവിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാലത്ത് ശിവമണി, ജോൺ അന്തോണി, രാജ തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം "റൂട്ട്സ്" പോലെയുള്ള സംഗീത ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൂടാതെ ചെന്നൈ ആസ്ഥാനമായ "നെമിസിസ് അവെന്യു" എന്ന റോക്ക് ഗ്രൂപ്പും റഹ്‌മാൻ സ്ഥാപിച്ചു. കീബോർഡ്, പിയാനോ, സിന്തസൈസർ, ഹാർമോണിയം, ഗിറ്റാർ തുടങ്ങിയ ഉപകരണങ്ങളിൽ റഹ്മാൻ പ്രാവീണ്യം നേടിയിരുന്നു.
പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ അംഗമായി. സാക്കിർ ഹുസൈൻ, കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിൽ സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു. മദ്രാസിൽ പഠിച്ചുകൊണ്ട്, ഈ സ്കൂളിൽ നിന്നും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയുണ്ടായി. 1989 -ൽ തന്റെ 23-ാമത്തെ വയസ്സിൽ റഹ്‌മാനും കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിക്കുകയും ദിലീപ് എന്ന പേര് മാറ്റി അല്ലാരഖാ റഹ്‌മാൻ എന്ന് പേര് മാറ്റുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ ടെലിവിഷൻ ചാനലുകൾക്കു വേണ്ടിയും പരസ്യങ്ങൾക്കുവേണ്ടിയും പശ്ചാത്തലസംഗീതസംവിധാനം നിർവഹിച്ചുകൊണ്ടാണ് എ.ആർ. റഹ്‌മാൻ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. 1987 -ൽ അന്നത്തെ പ്രശസ്തരായ വാച്ച് നിർമ്മാക്കളായിരുന്ന, ഹൈദരാബാദ് സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അൽവൈൻ കമ്പനിയുടെ വാച്ചുകളുടെ പരസ്യത്തിന് പശ്ചാത്തലസംഗീതം നിർവഹിച്ചു. കൂടാതെ വിഖ്യാത പാശ്ചാത്യ സംഗീതകാരനായിരുന്ന മൊസാർട്ടിന്റെ 25 -ാം സിംഫണിയെ ആസ്പദമാക്കിക്കൊണ്ട് കമ്പോസ് ചെയ്ത ടൈറ്റൻ വാച്ചിന്റെ പരസ്യത്തിലെ പശ്ചാത്തലസംഗീതവും അതിവേഗത്തിൽ പ്രശസ്തമാവുകയുണ്ടായി. 1992 -ൽ മണിരത്നം സംവിധാനം ചെയ്ത റോജ എന്ന സിനിമയ്ക്ക് സംഗീതസംവിധാനം നിർവഹിച്ചുകൊണ്ട് റഹ്മാൻ തമിഴ് സിനിമാസംഗീത രംഗത്ത് തുടക്കമിട്ടു. തന്റെ വീടിന്റെ ഒരു ഭാഗത്താണ് 1992 -ൽ റഹ്‌മാൻ സ്വന്തമായി പഞ്ചത്താൻ റെക്കോർഡ് ഇൻ എന്ന പേരിലുള്ള ഒരു റെക്കോർഡിങ് - മിക്സിങ്ങ് സ്റ്റുഡിയോ ആരംഭിക്കുന്നത്. പിന്നീട് ഈ സ്റ്റുഡിയോ, ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും ആധുനികവുമായ റെക്കോർഡിങ് സ്റ്റുഡിയോയായി മാറുകയുണ്ടായി. റോജയ്ക്കു ശേഷം ആ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന സന്തോഷ് ശിവൻ, തന്റെ സഹോദരനായ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാള ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചുകൊണ്ട് റഹ്മാൻ മലയാള സിനിമയിലും അരങ്ങേറി. തൊട്ടടുത്ത വർഷം, റോജയിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം റഹ്‌മാന് ലഭിച്ചു. തുടർന്ന് ബോംബെ, ജന്റിൽമാൻ, തിരുടാ തിരുടാ.. തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ റഹ്മാൻ പ്രശസ്തിയിലേക്കുയർന്നു..
രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുത്തു എന്ന ചലച്ചിത്രം ജപ്പാനിൽ വളരെ വലിയ പ്രദർശനവിജയം നേടിയതോടെ എ.ആർ. റഹ്‌മാന്റെ ഗാനങ്ങൾക്ക് ജപ്പാനിലും വലിയ ജനപ്രീതി ലഭിക്കുകയുണ്ടായി. പാശ്ചാത്യ സംഗീതവും, കർണ്ണാടക സംഗീതവും തമിഴ്‌നാട്ടിലെ നാടോടി സംഗീത പാരമ്പര്യവും, റോക്ക് സംഗീതവും ഒരേപോലെ പ്രയോഗിക്കാനുള്ള റഹ്‌മാന്റെ വൈദഗ്ധ്യം തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഗാനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായിത്തീർന്നു. 1995 - ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോംബെ എന്ന ചലച്ചിത്രത്തിന്റെ ശബ്ദട്രാക്കിന്റെ 15 മില്യൺ കോപ്പികൾ ലോകവ്യാപകമായി വിറ്റഴിക്കപ്പെടുകയുണ്ടായി. കൂടാതെ ഈ ചലച്ചിത്രത്തിൽ ഉപയോഗിച്ച ബോംബെ തീം പിന്നീട് റഹ്‌മാൻ തന്നെ സംഗീതസംവിധാനം നിർവ്വഹിച്ച, ദീപ മേത്തയുടെ ഫയർ എന്ന ചലച്ചിത്രത്തിലും ഉപയോഗിക്കപ്പെട്ടു. 2002 -ൽ പുറത്തിറങ്ങിയ ഡിവൈൻ ഇന്റർവെൻഷൻ എന്ന പലസ്തീനിയൻ ചലച്ചിത്രത്തിലും 2005 - ൽ നിക്കോളാസ് കേജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ലോഡ് ഓഫ് വാർ എന്ന ചലച്ചിത്രത്തിലും ഈ തീം ഉപയോഗിച്ചിട്ടുണ്ട്. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത രംഗീല ആയിരുന്നു എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ബോളിവുഡ് ചലച്ചിത്രം. തുടർന്ന് പുറത്തിറങ്ങിയ ദിൽ സേ, താൾ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും ജനപ്രീതിയാർജിക്കുകയുണ്ടായി. ദിൽ സേയിലെ ഛയ്യ ഛയ്യാ എന്ന ഗാനവും നേതാജി സുഭാഷ് ചന്ദ്ര ബോസ്: ദ ഫൊർഗോട്ടൻ ഹീറോ എന്ന ചലച്ചിത്രത്തിലെ സിക്ര്.. എന്ന ഗാനവും (ഈ ഗാനത്തിന് വിപുലമായ ഓർക്കസ്ട്രയും കോറസ് സംഘവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്) സൂഫി സംഗീതത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം എ ആർ റഹ്മാൻ 2022 -ൽ മലയൻകുഞ്ഞ് എന്ന മലയാളചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചു.
1997 - ൽ രാജീവ് മേനോൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മിൻസാര കനവു് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് രണ്ടാമത്തെ തവണ മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച തമിഴ് സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിക്കുകയുണ്ടായി. ആറ് പ്രാവശ്യം തുടർച്ചയായി എ.ആർ. റഹ്‌മാന് ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്‌മാന് നൽകപ്പെട്ടു ഈ ചിത്രത്തിന് തന്നെ 2009 -ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു . ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു .2010 -ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ "ജയ് ഹോ.. എന്ന ഗാനം നേടി. സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന് ഭാരത സർക്കാർ നൽകുകയുണ്ടായി