രമേഷ് നാരായൺ
കേരളത്തില്‍ പിറന്ന ഏറ്റവും പ്രഗല്ഭനും പ്രസിദ്ധനുമായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമാണ് പണ്ഡിറ്റ് രമേഷ് നാരായണ്‍.
1959 നവംബര്‍ 3ന് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ ഒരു സംഗീത കുടുംബത്തിലാണ് രമേഷ് നാരായണ്‍ന്റെ ജനനം. അച്ഛന് നാരായണ ഭാഗവതരും അമ്മ നാരായണി അമ്മയും സംഗീതജ്ഞര്‍ ആയിരുന്നു. അമ്മയില്‍ നിന്നാണ് സംഗീതം പഠിച്ചു തുടങ്ങിയത്. 7ആം ക്ലാസ് വരെ കൂത്തുപറമ്പിലും പിന്നീട് തൃശ്ശൂരിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പാലക്കാട് ചിറ്റൂര്‍ ഗവണ്മെന്റ് സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടി. ബിരുദകാലം വരെ കര്‍ണാടക സംഗീതത്തില്‍ ആയിരുന്നു പഠനം എങ്കിലും ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള ആഭിമുഖ്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നിരുന്നു.
മുംബൈയില്‍ സൈന്യത്തില്‍ ജോലിലഭിച്ചു സ്ഥിരതാമസം ആക്കിയ തബലിസ്റ്റ് കൂടിയായ രാംദാസ് എന്ന സഹോദരന്റെ നിര്‍ദേശപ്രകാരം ആണ് 1980ല്‍ രമേഷ് നാരായണ്‍ മുംബൈയില്‍ എത്തിയത്. അവിടെ ആദ്യം സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറുടെ ശിഷ്യൻ സച്ചിദാനന്ദ ഫാദ്ക്കെയുടെ അടുക്കൽ സിത്താർ പഠനം ആരംഭിച്ചു. സിത്താർ വളരെവേഗം പയറ്റി തെളിഞ്ഞ അദ്ദേഹം തുടര്‍ന്ന് അഖില ഭാരതീയ ഗന്ധര്‍വ വിദ്യാലയത്തില്‍ ചേര്‍ന്ന് ഹിന്ദുസ്ഥാനി വായ്പ്പാട്ടില്‍ വിശാരദ് ബിരുദം നേടി. ഇതിനിടെ മേവാതി ഘരാനയുടെ തമ്പുരാന് പണ്ഡിറ്റ് ജസ്രാജിന്റെ സംഗീതം വളരെയധികം ആകര്‍ഷിക്കുകയും അദ്ദേഹത്തിന്റെ ശിഷ്യന് ആവണം എന്ന് ആഗ്രഹിക്കുകയും ചെയ്തു. രമേഷിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച ജസ്രാജിന്റെ കൂടെ ഗുരുകുല സമ്പ്രദായത്തിൽ ഗുരുവിനൊപ്പം താമസിച്ചു അദ്ദേഹം ഹിന്ദുസ്ഥാനി വോക്കൽ പഠനം ആരംഭിക്കുകയും ചെയ്തു. ഏഴു വർഷത്തിനു മുകളിൽ അവിടെ സംഗീത പഠനം നടത്തിയ അദ്ദേഹം പതുക്കെ ഗുരുവിനെ കച്ചേരികളിൽ അനുഗമിക്കുവാനും വൈകാതെ തന്നെ ഒറ്റയ്ക്ക് പരിപാടികൾ നടത്തുവാനും തുടങ്ങി. മുംബൈയിലും പൂനെയിലുമായി 10 വര്‍ഷത്തോളം അദ്ദേഹം ഉണ്ടായിരുന്നു.
ചെറുപ്പം മുതലേ സംഗീത സംവിധാനത്തില്‍ താല്പര്യം ഉണ്ടായിരുന്ന രമേഷ് നാരായണ്‍ മുംബൈ - പൂനെ ജീവിത കാലത്ത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് അവിടുത്തെ വിദ്യാര്‍ഥികള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരുന്നു. 1993ല്‍ പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത മഗ്രിബ് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടാണ് രമേഷ് നാരായണ്‍ന്റെ സിനിമാ പ്രവേശനം. പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ കാത്തിരുന്ന് 1999ല്‍ ആയിരുന്നു ആദ്യ സിനിമാ ഗാനത്തിന് ഈണം ഒരുക്കിയത്. പി ടി കുഞ്ഞുമുഹമ്മദിന്റെ തന്നെ ഗര്‍ഷോം എന്ന ചിത്രത്തിന് മറ്റൊരു തുടക്കക്കാരന് ആയ റഫീക്ക് അഹമ്മദിന്റെ ' പറയാന്‍ മറന്ന പരിഭവങ്ങള്‍' എന്ന വരികള്‍ ചിട്ടപെടുത്തിക്കൊണ്ടാണ് ഗാനസംവിധായകന്‍ ആയി അദ്ദേഹം മാറിയത്. ഹരിഹരന് പാടിയ ഈ അര്‍ദ്ധശാസ്ത്രീയ ഗാനം വളരെയധികം ഹിറ്റായി. തുടര്‍ന്ന് മേഘമല്‍ഹാര്‍, മകള്‍ക്ക്, ശീലാബതി, രാത്രിമഴ, പരദേശി, മകരമഞ്ഞ്, വീരപുത്രന്, ആദാമിന്റെ മകന് അബു, മഞ്ചാടിക്കുരു, ഒറ്റമന്ദാരം, എന്നു നിന്റെ മൊയ്തീൻ, വൈറ്റ് ബോയ്സ്, ഇടവപ്പാതി - നോ മാന്‍സ് ലാന്റ്, വിശ്വാസപൂർവ്വം മൻസൂർ, കോളാമ്പി തുടങ്ങി 40ല്‍ അധികം ചിത്രങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങള്‍ ശ്രദ്ധിക്കപെട്ടു. ബോക്സോഫീസ് വിജയങ്ങള്‍ നേടിയ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ക്കെ ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ളൂ എങ്കിലും ചെയ്ത മിക്ക ഗാനങ്ങളും ആസ്വാദക മനസ്സില്‍ ഇടംപിടിച്ചത് അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മഹത്വം കൊണ്ടാണ്. 20ല്‍ അധികം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടും ഉണ്ട് അദ്ദേഹം. മലയാളത്തിനു പുറമേ തമിഴിലും ബംഗാളിയിലും സിനിമാഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തും കച്ചേരികള്‍ അവതരപ്പിക്കുന്ന വളരെ തിരക്കുള്ള രമേഷ് നാരായണ്‍ 1994ല്‍ സൂര്യകൃഷ്ണമൂര്‍ത്തി സംഘടിപ്പിക്കുന്ന സൂര്യ ഫെസ്റ്റിവലില്‍ 30 മണിക്കൂര്‍ തുടര്‍ച്ചയായി ഹിന്ദുസ്ഥാനി സംഗീതം ആലപിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു. 2013ല്‍ പൂനെ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് '100 years of Indian Cinema' എന്ന പരിപാടിയില്‍ 36 മണിക്കൂര്‍ പാടി ലിംക ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ചു.
2006ല്‍ രാത്രിമഴ, 2014ല്‍ വൈറ്റ് ബോയ്സ്, 2015ല്‍ എന്നു നിന്റെ മൊയ്തീൻ, ഇടവപ്പാതി - നോ മാന്‍സ് ലാന്റ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, 2005ല്‍ സൈറ എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ടെലിവിഷന്‍ സീരിയലുകള്‍ക്കും പരിപാടികള്‍ക്കും ഒരുക്കിയ ഗാനങ്ങള്‍ക്ക് നാല് തവണ കേരള ടെലിവിഷന്‍ പുരസ്ക്കാരവും ലഭിച്ചിടുണ്ട്. 2017ൽ Sword of liberty എന്ന ഹ്രസ്വ ചിത്രത്തിലൂടെ non- feature വിഭാഗത്തിലെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും നേടി.
1995 മുതല്‍ കണ്ണൂര്‍ ആകാശവാണി റേഡിയോ നിലയത്തില്‍ സംഗീതജ്ഞനും കമ്പോസറുമായി പ്രവര്‍ത്തിച്ചു പോന്ന അദ്ദേഹം 2019ലാണ് അവിടുന്ന് വിരമിച്ചത്.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മേവാതി ഘരാനയുടെയും പ്രചാരം വര്‍ധിപ്പിക്കാന്‍ 1996ല്‍ തിരുവനന്തപുരത്ത് പണ്ഡിറ്റ് മോത്തിറാം - നാരായണ്‍ സംഗീത വിദ്യാലയം സ്ഥാപിച്ചു.
സംഗീതജ്ഞ കൂടിയായ പത്നി ഹേമ കച്ചേരികളില്‍ രമേഷ് നാരായണനെ അനുഗമിക്കാറുണ്ട്. മധുവന്തി, മധുശ്രീ - രണ്ടു പെണ്മക്കളും സംഗീത വഴിയില്‍ തന്നെ. ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച ഇരുവരും ചലച്ചിത്ര പിന്നനിഗാനരംഗത്തു സജീവമാണ്. ഇളയ മകള്‍ മധുശ്രീ 2015ലും 2020ലും മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയിട്ടുണ്ട്. മധുവന്തിയുടെ ഭര്‍ത്താവ് വിഷ്ണു വിജയ് വളരെയധികം ശ്രദ്ധിക്കപ്പെടുന്ന യുവ സംഗീത സംവിധായകനും ഫ്ലൂട്ട് വാദകനും ആണ്.